മോട്ടോർവാഹനവകുപ്പിലെ കോടികളുടെ നികുതിവെട്ടിപ്പിന് ഉദ്യോഗസ്ഥരെ സഹായിച്ചത് 'വാഹൻ' സോഫ്റ്റ്വേറിലെ പിഴവ്. വാഹനരേഖകളിലെ തകരാറുകൾ തിരുത്താൻ നല്‍കിയ അനുമതി ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്തു.
ഇതു കണ്ടെത്താൻ ആഭ്യന്തര പരിശോധനാവിഭാഗത്തിനും, ഉന്നത ഉദ്യോഗസ്ഥർക്കും കഴിഞ്ഞുമില്ല. മലപ്പുറം ജില്ലയിലെ തിരൂർ ഓഫീസില്‍ മാത്രം 940 കേസുകളിലായി 2.22 കോടി രൂപയുടെ നികുതിനഷ്ടമാണ് ഉണ്ടായത്. 23 ഉദ്യോഗസ്ഥർക്കെതിരേ റിപ്പോർട്ട് നല്‍കിയിട്ടും നടപടിയുണ്ടായില്ല.
നേരത്തേ ഉപയോഗിച്ചിരുന്ന 'സ്മാർട്ട് മൂവ്' എന്ന സോഫ്റ്റ് വെയറില്‍നിന്നും, എഴുതിസൂക്ഷിച്ചിരുന്ന രജിസ്റ്ററുകളില്‍നിന്നുമുള്ള വിവരങ്ങള്‍ 'വാഹൻ' സോഫ്റ്റ് വെയറിലേക്ക് മാറിയപ്പോള്‍ ചില വാഹനങ്ങളുടെ രേഖകളില്‍ അപാകത ഉണ്ടായിരുന്നു. ഇത് പരിഹരിക്കാൻ നല്‍കിയ അനുമതിയാണ് ദുരുപയോഗംചെയ്തത്. കണ്ടുപിടിക്കാൻ സാധ്യത കുറവായതിനാല്‍ വ്യാപകമായി നികുതിവെട്ടിപ്പ് നടത്തി. ഒന്നോ രണ്ടോ ഓഫീസുകളില്‍ മാത്രമായി അന്വേഷണം ഒതുക്കിത്തീർക്കാനുള്ള ശ്രമവും സജീവമാണ്.
പലവിധത്തിലുള്ള തട്ടിപ്പുകളാണ് നടന്നത്. 40 സീറ്റുള്ള വാഹനത്തിന് നികുതി സ്വീകരിക്കുമ്ബോള്‍ രേഖകള്‍ തിരുത്തി 20 സീറ്റാക്കിമാറ്റി കുറഞ്ഞ നികുതി വാങ്ങുന്നതാണ് ഇതിലൊന്ന്. പിന്നീട് സീറ്റുകളുടെ എണ്ണം പഴയപടിയാക്കും. ഇതരസംസ്ഥാന വാഹനങ്ങള്‍ക്ക് പുതിയ രജിസ്ട്രേഷൻ നല്‍കുമ്ബോള്‍ വില കുറച്ചുകാണിച്ച് ആനുപാതികമായ കുറഞ്ഞ നികുതി ഈടാക്കിയും തട്ടിപ്പുകള്‍ നടന്നു.കൂടാതെ രേഖകള്‍ തിരുത്തി നികുതി അടച്ചതിന് വ്യാജരേഖയും ഉണ്ടാക്കിയിട്ടുണ്ട്.
ത്രൈമാസനികുതി ഒഴിവാക്കാൻ നല്‍കിയ അപേക്ഷയില്‍ 12 മാസത്തെ നികുതി ഒഴിവാക്കി നല്‍കിയിട്ടുമുണ്ട്. ഇതരസംസ്ഥാന വാഹനങ്ങളുടെ എതിർപ്പില്ലാ സർട്ടിഫിക്കറ്റിലും തിരുത്തല്‍വരുത്തി കുറഞ്ഞനികുതി ഉണ്ടാക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ റദ്ദാക്കാനുള്ള അപേക്ഷകളിലും അനർഹമായ നികുതിയിളവ് നല്‍കി. തട്ടിപ്പിന്റെ ശൈലി പരിശോധിക്കുമ്പോള്‍ ഇത് മറ്റ് ഓഫീസുകളിലേക്കും വ്യാപിച്ചിട്ടുണ്ടെന്ന് വ്യക്തം.
വാഹൻ സോഫ്റ്റ് വെയറിലെ എഡിറ്റിങ് ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന് അധികൃതർക്ക് സൂചന ലഭിച്ചിരുന്നു. എന്നാല്‍ മുൻകരുതല്‍ സ്വീകരിച്ചില്ല. ജോ.ആർ.ടി.ഒ. തസ്തികയിലുള്ള ഓഫീസ് മേധാവിമാരും തട്ടിപ്പിന് കൂട്ടുനിന്നപ്പോള്‍ വൻക്രമക്കേടാണ് നടന്നത്. ട്രാൻസ്പോർട്ട് കമ്മിഷണർ എച്ച്. നാഗരാജു ക്രമക്കേട് സംബന്ധിച്ച ഫയലുകള്‍ പരിശോധനയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.