നടൻ സിദ്ദീഖ് കീഴടങ്ങിയേക്കും. സുപ്രീംകോടതിയിൽ പോയാൽ തിരിച്ചടിയായിരിക്കുമെന്ന് ഉപദേശം. ഫോൺ കോളുകളും അന്വേഷണസംഘം ശേഖരിച്ചു കഴിഞ്ഞു
കൊച്ചി: ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുൻപില്‍ കീഴടങ്ങിയേക്കാം..
തിരുവനന്തപുരത്തോ കൊച്ചിയിലോ എത്തി കീഴടങ്ങാനാണ് ഏറെ സാധ്യത. സുപ്രീംകോടതിയെ സമീപിച്ചാല്‍ തിരിച്ചടിയായേക്കുമെന്ന നിയമോപദേശം ലഭിച്ചെന്നണ് വിവരം.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി ഇത്ര സമയം പിന്നിട്ടിട്ടും നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സിദ്ദിഖിനായി കൊച്ചി നഗരത്തിലും പുറത്തും പൊലീസ് വ്യാപക പരിശോധന നടത്തുന്നുണ്ട്. എറണാകുളത്തെ കാക്കനാടും ആലുവയിലുമുള്ള വീടുകളില്‍ സിദ്ദിഖ് ഇല്ലെന്നാണ് വിവരം. സിദ്ദിഖ് വിദേശത്തേയ്ക്ക് കടക്കാതിരിക്കാനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചു കഴിഞ്ഞു. സിദ്ദിഖിനെ ഉടൻ അറസ്റ്റ് ചെയ്യാനാണ് പൊലീസിന് നിർദേശം ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി മുതല്‍ സിദ്ദിഖ് സംസാരിച്ച ഫോണ്‍ കോള്‍ വിവരങ്ങള്‍ പൊലീസ് സൈബര്‍ സെല്ലില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട് . പാലാരിവട്ടത്താണ് അവസാനമായി സിദ്ദിഖിന്റെ ഫോണ്‍ സ്വിച്ച് ഓണ്‍ ആയിരുന്നത്. അതിനാല്‍ കൊച്ചി കേന്ദ്രീകരിച്ച് വന്‍ തിരച്ചിലാണ് പൊലീസ് നടത്തിയത്.
സിദ്ദിഖിനെതിരെ ശക്തമായ സാഹചര്യ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചുകഴിഞ്ഞെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. 2016 ജനുവരി 27ന് രാത്രി 12 മണിക്കാണ് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലെത്തുന്നത്. 28ന് വൈകിട്ട് 5 മണിവരെ സിദ്ദിഖ് ഹോട്ടലിലുണ്ടായിരുന്നതായും തെളിവുകള്‍ ലഭിച്ചു. പെണ്‍കുട്ടിയും ഇതേസമയം ഹോട്ടലില്‍ ഉണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
മസ്‌കറ്റ് ഹോട്ടലിലെ 101 ഉ എന്ന മുറിയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ജനലിലെ കര്‍ട്ടന്‍ മാറ്റി നോക്കിയാല്‍ സ്വിമ്മിംഗ് പൂള്‍ കാണാമെന്നായിരുന്നു നടിയുടെ മൊഴി. ഇത് പൊലീസ് സംഘം 101 മുറിയിലെത്തി സ്ഥിരീകരിച്ചിരുന്നു. സിദ്ദിഖ് അന്ന് ചോറും മീന്‍കറിയും തൈരുമാണ് കഴിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. ഹോട്ടലില്‍ നിന്ന് അന്വേഷണസംഘം ഇതിന്റെ ബില്ലുകളും കണ്ടെത്തിയിട്ടുണ്ട്.