മലപ്പുറം: ഡോക്‌ടറെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി മയക്കുഗുളിക എഴുതി വാങ്ങിയ ആൾ പിടിയില്‍. 32കാരനായ സക്കീർ ആണ് പിടിയിലായത്.
മലപ്പുറം പൊന്നാനിയിലെ താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി 12 മണിയോടുകൂടിയായിരുന്നു പ്രതി അതിക്രമം കാട്ടിയത്. അമിത ശേഷിയുള്ള മയക്കുഗുളികകള്‍ എഴുതി നല്‍കണമെന്നാവശ്യപ്പെട്ടാണ് യുവാവ് ആദ്യം ആശുപത്രിയില്‍ എത്തിയത്.
എന്നാൽ മനോരോഗ വിദഗ്ദ്ധന്റെ കുറിപ്പില്ലാതെ മരുന്ന് നല്‍കാനാവില്ലെന്ന് ഡോക്‌ടർ പറഞ്ഞു. ഇതോടെ മടങ്ങിപ്പോയ യുവാവ് വീണ്ടും തിരിച്ചെത്തി ഡോക്‌ടറെ കത്തികാട്ടി ഭീഷണിപ്പെടുത്തി മരുന്ന് എഴുതിക്കുകയായിരുന്നു. യുവാവ് ആശുപത്രിയില്‍ ബഹളമുണ്ടാക്കുകയും ചെയ്തു. തുടർന്ന് സംഭവത്തില്‍ ഡോക്‌ടർ പൊലീസില്‍ പരാതി നല്‍കി. തുടർന്ന് ആശുപത്രിയില്‍ നിന്ന് പൊലീസ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. യുവാവ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിലെത്താറുണ്ടെന്ന് സൂപ്രണ്ടും പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.