2025 April 18
Friday
- Advertisement - ads
കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പൊലീസിന്റെ മിന്നൽ പരിശോധന; അര്‍ധരാത്രിയിൽ പാലക്കാട് നടന്നത് നാടകീയ സംഭവങ്ങള്‍

കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പൊലീസിന്റെ മിന്നൽ പരിശോധന; അര്‍ധരാത്രിയിൽ പാലക്കാട് നടന്നത് നാടകീയ സംഭവങ്ങള്‍

  • സ്വന്തം ലേഖകൻ
  • 06-11-2024

പാലക്കാട്ട് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ അർധരാത്രിയിൽ പൊലീസ് റെയ്ഡ്.

 

പോലീസിന്റെ മിന്നൽ പരിശോധന 

ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടു വന്നെന്ന് ആരോപിച്ചായിരുന്നു. ഇക്കഴിഞ്ഞ രാത്രി 12.10നാണ് പാലക്കാട് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥർ കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയത്. വനിതാ പൊലീസ് ഇല്ലാതെ വന്ന പോലീസിനോട് പരിശോധന നടത്താനാകില്ലെന്ന് നേതാക്കള്‍ നിലപാടെടുത്തതോടെ മടങ്ങിപ്പോയ പൊലീസ് സംഘം അരമണിക്കൂറിന് ശേഷം വനിതാ പൊലീസുകാരുമായി മടങ്ങിയെത്തി പരിശോധന നടത്തി. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. അതേസമയം, ഹോട്ടലില്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കളും പ്രവർത്തകരും സംഘടിച്ചതോടെ സംഘർഷാവസ്ഥയുണ്ടായി.

 

അർധരാത്രിയോടെയാണ് വനിതാ പൊലീസുകാരില്ലാതെ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കോൺഗ്രസിന്റെ മുതിർന്ന വനിതാ നേതാവ് ഷാനിമോള്‍ ഉസ്മാൻ താമസിക്കുന്ന മുറിയിലേക്ക് എത്തിയത്. മുന്നറിയിപ്പോ വ്യക്തതയോ നല്‍കാതെ സംഘം മുറി പരിശോധിക്കാൻ തുടങ്ങി. ഉദ്യോഗസ്ഥരില്‍ ചിലർ മഫ്തിയിലായിരുന്നതിനാല്‍ ഷാനിമോള്‍ ഉസ്മാൻ ഭയന്ന് മുറിയില്‍ നിന്നും പുറത്തേക്കിറങ്ങി. ഇതിനു പിന്നാലെ ബിന്ദുകൃഷ്ണയും ഭർത്താവ് കൃഷ്ണകുമാറും താമസിച്ചിരുന്ന മുറിയിലേക്കും ഉദ്യോഗസ്ഥർ കയറാൻ ശ്രമിച്ചു. ഇതോടെ രണ്ടു മുറികളും പൂട്ടി ബിന്ദുകൃഷ്ണയും ഷാനിമോള്‍ ഉസ്മാനും പുറത്തേക്കിറങ്ങി നിന്നു. ഇവരുടെ ആവശ്യ പ്രകാരം പിന്നീട് വനിതാ ഉദ്യോഗസ്ഥരെത്തി സാധന സാമഗ്രികളും അടക്കം വലിച്ചിട്ടു പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

 

ഇതിനിടെ പുറത്ത് സിപിഎം, ബിജെപി നേതാക്കള്‍ സംഘടിച്ചെത്തി പരിശോധന മറ്റു മുറികളിലേക്കു നീട്ടണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ചു. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിനു അകത്തേക്കും എത്തി. ഇതോടെ ഹോട്ടലില്‍ വലിയ സംഘർഷാവസ്ഥയുമായി. മാധ്യമ പ്രവർത്തകർക്കു നേരെയും കയ്യേറ്റ ശ്രമമുണ്ടായി. എംപിമാരായ വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്ബില്‍, ജ്യോതികുമാർ ചാമക്കാല എന്നിവർ ഹോട്ടലിലേക്ക് എത്തിയെങ്കിലും ഇവരെയും പുറത്തു കാത്തു നിന്ന ബിജെപി, സിപിഎം നേതാക്കളെയും അകത്തേക്കു കയറ്റി വിട്ടില്ല. ഇതേ തുടർന്ന് വീണ്ടും സംഘർഷാവസ്ഥയുണ്ടായി. എല്‍ഡിഎഫിലെ എ.എ.റഹീം എംപിയും മറ്റും പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പൊലീസിനോടു തർക്കിച്ചു. ബിജെപി നേതാക്കളായ വി.വി.രാജേഷ്, സി.ആർ.പ്രഫുല്‍ കൃഷ്ണ, പ്രശാന്ത് ശിവൻ, സ്ഥാനാർഥി സി.കൃഷ്ണകുമാർ തുടങ്ങിയവരും പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് ബഹളംവച്ചു. ഹോട്ടലില്‍ താമസിക്കുന്ന സിപിഎം നേതാക്കളുടെ മുറികളിലും പരിശോധന വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

 

അതേസമയം, ഹോട്ടലില്‍ നടന്നത് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയാണെന്ന് എ.സി.പി. അശ്വതി ജിജി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഹോട്ടലിലെ 12 മുറികളും പരിശോധിച്ചതായും എന്നാല്‍, പരിശോധനയില്‍ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും എ.സി.പി വ്യക്തമാക്കി. ആരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ അല്ല പരിശോധന നടന്നതെന്നും സാധാരണനടക്കുന്ന പതിവ് പരിശോധനയാണിതെന്നും അവർ പറഞ്ഞു. ഈ ഹോട്ടല്‍ മാത്രമല്ല, നഗരത്തിലെ പല ഹോട്ടലുകളിലും കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ എസിപി, പരിശോധനയ്ക്ക് തടസ്സമൊന്നും ഉണ്ടായില്ലെന്നും കൂട്ടിച്ചേർത്തു.

 

കള്ളപ്പണം കൊണ്ടുവന്നതായോ പണമിടപാട് നടക്കുന്നതായോ വിവരമൊന്നും കിട്ടിയിട്ടില്ല. പരിശോധനയ്ക്കിടെ ഒരു സ്ത്രീ വനിതാ ഉദ്യോഗസ്ഥയുടെ സഹായം ആവശ്യപ്പെട്ടു. മറ്റൊരു സ്ത്രീയ്‌ക്കൊപ്പം അവരുടെ ഭർത്താവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുന്നില്‍വെച്ചാണ് പരിശോധന നടന്നത്. ഹോട്ടലിലെ 12 മുറികളും പരിശോധിച്ചു. ഇതില്‍ എല്ലാ പാർട്ടികളുടെയും നേതാക്കളുടെ മുറികളുണ്ട്. എന്തെങ്കിലും പരാതി ലഭിച്ചാല്‍ ഹോട്ടലിലെ സിസിടിവി പരിശോധിക്കും. സംഭവം നിയന്ത്രണവിധേയമാണെന്നും സംഘർഷാവസ്ഥയില്ലെന്നും പുറത്തുവന്നകാര്യങ്ങളില്‍ പലതും അഭ്യൂഹങ്ങളാണെന്നും എ.സി.പി വ്യക്തമാക്കി.

- Advertisement - ads