2025 April 18
Friday
- Advertisement - ads
ഒരാഴ്ചത്തെ കുതിപ്പിനു ശേഷം താഴെവീണ് സ്വര്‍ണം, ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു

ഒരാഴ്ചത്തെ കുതിപ്പിനു ശേഷം താഴെവീണ് സ്വര്‍ണം, ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു

  • സ്വന്തം ലേഖകൻ
  • 25-11-2024

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം വീണ്ടും 58,000 ഉം കടന്ന് കുതിച്ചു കൊണ്ടിരുന്ന സ്വർണവിലയില്‍ ഇന്ന് കനത്ത ഇടിവ്. പവന് 800 രൂപയും ഗ്രാമിന് 100 രൂപയുമാണ് ഇന്ന് കുറഞ്ഞത്.

 

ഇതോടെ ഒരു പവൻ സ്വർണത്തിന് 57,600 രൂപയിലും ഗ്രാമിന് 7,200 രൂപ‍യിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 80 രൂപ കുറഞ്ഞ് 5,940 രൂപയിലുമെത്തി.

 

ആറു ദിവസത്തിനിടെ പവന് 2,920 രൂപയും ഗ്രാമിന് 365 രൂപയും കൂടിയ ശേഷമാണ് ഇന്ന് സ്വർണവില കുത്തനെ താഴേക്കുപോയത്. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തില്‍ പവൻ വിലയിലെ എക്കാലത്തെയും റിക്കാർഡ്. 

 

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരു ഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. നവംബർ 14,16,17 തീയതികളില്‍ 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തിയ സ്വർണം പിന്നീടുള്ള ഒരാഴ്ചകൊണ്ട് വീണ്ടും കുതിച്ചുയരുകയായിരുന്നു. വീണ്ടും റിക്കാർഡ് നിരക്കിലേക്ക് കുതിക്കുമെന്ന് കരുതിയിരുന്നിടത്താണ് ഇന്ന് കനത്ത ഇടിവ് നേരിട്ടത്.

 

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വര്‍ണ വിലയില്‍ ഇന്ന് 1.65 ശതമാനത്തിന്‍റെ ഇടിവുണ്ടായി. 2,719.48 ഡോളറില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണം 2,675 ഡോളറിലേക്ക് കുത്തനെ ഇടിഞ്ഞു. 

 

അതേസമയം, വെള്ളിനിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.

- Advertisement - ads