2025 April 18
Friday
- Advertisement - ads
പോലീസ് മര്‍ദ്ദനം ഔദ്യോഗിക കൃത്യനിര്‍വഹണമല്ല; മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി അലവിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി.വിചാരണ നേരിടേണ്ടി വരും

പോലീസ് മര്‍ദ്ദനം ഔദ്യോഗിക കൃത്യനിര്‍വഹണമല്ല; മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി അലവിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി.വിചാരണ നേരിടേണ്ടി വരും

  • സ്വന്തം ലേഖകൻ
  • 02-12-2024

കൊച്ചി: പോലീസ് സ്റ്റേഷനില്‍ വച്ച് യുവാവിനെയും പോലീസുകാരിയായ സഹോദരിയെയും മർദ്ദിച്ച എസ്‌ഐയ്ക്കെതിരെ നടപടികള്‍ സ്വീകരിക്കാനുള്ള ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് കേരള ഹൈക്കോടതി ശരിവെച്ചു.പോലീസ് സ്റ്റേഷനില്‍ ലോക്കപ്പ് മർദ്ദനവും പീഡനവും നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ക്രിമിനല്‍ നടപടി ക്രമത്തിലെ (സിആർപി) 197 വകുപ്പ് പ്രകാരമുള്ള പരിരക്ഷയ്ക്ക് അർഹതയില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ആയിരുന്നു സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് കെ.ബാബുവിൻ്റെ സുപ്രധാന വിധി.നിലമ്ബൂർ ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ്

കോടതിയുടെ വിധിക്കെതിരെ ഇപ്പോള്‍ മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ സി.അലവിയാണ് റിവിഷൻ പെറ്റീഷനുമായി ഹൈക്കോടതിയെ സമീപിച്ചത്

 

നിലമ്പൂർ എടക്കര മൂത്തേടം സ്വദേശി അനീഷ് കുമാറിനാണ് 2008 ജൂലൈ 28ന് രാത്രി നിലമ്ബൂർ പോലീസ് സ്റ്റേഷനില്‍ വച്ച് മർദ്ദനമേറ്റത്. സംഭവസമയത്ത് സ്റ്റേഷനിലെ എസ്‌എച്ച്‌ഒ ആയിരുന്ന എസ്.ഐ അലവിയാണ് പീഡനം നടത്തിയത്.തന്നെ പൊതുസ്ഥലത്ത് അധിക്ഷേപിച്ചെന്ന് കാട്ടി ഡെയ്സി മാത്യു എന്ന വീട്ടമ്മ നല്‍കിയ പരാതിയില്‍ ചോദ്യം ചെയ്യാൻ വേണ്ടിയാണ് അനീഷ് കുമാറിനെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയത്. രാത്രി പരാതിക്കാരിയും ഭർത്താവും സ്റ്റേഷനില്‍ വന്ന ശേഷമായിരുന്നു മർദ്ദനം .അനീഷ് കുമാറിനെ അസഭ്യം പറഞ്ഞ എസ്‌ഐ യുവാവിൻ്റെ നെഞ്ചത്ത് മുഷ്ഠി ചുരുട്ടി ഇടിക്കുകയും തല പിടിച്ച്‌ ഭിത്തിയിലിടിക്കുകയും ചെയ്തു. തുടർന്ന് നെഞ്ചത്തും വയറ്റിലും നാഭിയിലും തൊഴിച്ചു. ഈ സമയം സ്റ്റേഷന് സമീപമുള്ള വനിതാ സെല്ലില്‍ ഡ്യൂട്ടി കഴിഞ്ഞ് സഹോദരനെ കാത്ത് നില്‍ക്കുകയായിരുന്ന അനീഷ് കുമാറിൻ്റെ സഹോദരിയായ വനിതാ കോണ്‍സ്റ്റബിള്‍ മർദ്ദനം തടയാൻ ശ്രമിച്ചപ്പോള്‍ പ്രകോപിതനായ എസ് ഐ വനിതാ കോണ്‍സ്റ്റബിളിനെയും മർദ്ദിച്ചു. അഞ്ച് മാസം ഗർഭിണിയായിരുന്ന വനിതാ കോണ്‍സ്റ്റബിളിനെ ഇയാള്‍ വയറ്റത്താണ് തൊഴിച്ചത്. പരിക്കേറ്റ ഇരുവരും സർക്കാർ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വീട്ടമ്മയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തി പിന്നീട് തള്ളുകയും ചെയ്തിരുന്നു.

പോലീസ് മർദ്ദനത്തിനെതിരെ അനീഷ് കുമാർ നല്‍കിയ സ്വകാര്യ അന്യായത്തില്‍ നിലമ്ബൂർ ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരം പിഴയും തടവുശിക്ഷയും കിട്ടാവുന്ന ഐപിസി 294, 323, 324 വകുപ്പുകള്‍ ചുമത്തി നിലമ്ബൂർ പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്ബർ 448/2008 കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ പരാതിയില്‍ പെരിന്തല്‍മണ്ണ ഡി വൈ എസ് പി മാരായ വി.കെ.രാജു, എം.ആർ.മണിയൻ എന്നിവർ അന്വേഷണം നടത്തിയെങ്കിലും എസ്‌ഐയെ സംരക്ഷിക്കാൻ കേസ് എഴുതിത്തള്ളാൻ ശ്രമിച്ചിരുന്നു. അലവിയെ രക്ഷപ്പെടുത്താൻ കള്ള സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയാണ് കേസ് റഫർ ചെയ്തു കളയാൻ ശ്രമിച്ചിരുന്നത്. അന്വേഷണത്തിൻ്റെ ഒരു ഘട്ടത്തിലും വനിതാ കോണ്‍സ്റ്റബിളിൻ്റെ മൊഴി രേഖപ്പെടുത്തിയിരുന്നുമില്ല.ഇതേത്തുടർന്ന് അനീഷ് കുമാർ നല്‍കിയ സ്വകാര്യ അന്യായത്തില്‍ നിലമ്ബൂർ ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി അലവിയ്ക്ക് നോട്ടീസ് പുറപ്പെടുവിച്ചു. തുടർന്ന് കോടതിയില്‍ ഹാജരായ ഇയാള്‍ ക്രിമിനല്‍ നടപടി ക്രമത്തിലെ 197 വകുപ്പ് പ്രകാരമുള്ള പരിരക്ഷയ്ക്ക് തനിക്ക് അർഹതയുണ്ടെന്നും 197 (1) വകുപ്പ് പ്രകാരം സർക്കാരിൻ്റെ മുൻകൂട്ടിയുള്ള അനുമതി ഇല്ലാതെ മജിസ്ട്രേറ്റ് കോടതിയ്ക്ക് തനിക്കെതിരെ നടപടിയെടുക്കാൻ സാധിക്കില്ലെന്നും വാദിച്ചു. 'പബ്ലിക്ക് സെർവൻ്റ് 'നിർവചനത്തില്‍പ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് അവരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഉണ്ടാകുന്ന നടപടികള്‍ക്ക് നിയമ പരിരക്ഷ നല്‍കുന്ന സി ആർ പി സി 197. എന്നാല്‍ അലവിയുടെ വാദം തള്ളിയ നിലമ്ബൂർ മജിസ്ട്രേറ്റ് കോടതി പോലീസ് സ്റ്റേഷനിലെ മർദ്ദനവുമായി ബന്ധപ്പെട്ട് കേസെടുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാൻ ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവിന് എതിരെ അലവി നല്‍കിയ റിവിഷൻ ഹർജിയിലാണ് ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിട്ടുള്ളത്. 

പോലീസ് സ്റ്റേഷനില്‍ പ്രതിയെ മർദ്ദിക്കുന്നത് ഔദ്യോഗിക കൃത്യനിർവഹണത്തിൻ്റെ പരിധിയില്‍പ്പെടില്ലെന്ന് കോടതി വ്യക്തമാക്കി.ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് 2001 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച റിസ്വാൻ അഹമ്മദ് ജാവേദ് ഷെയ്ക്ക് v/s ജമാല്‍ പാട്ടേല്‍ , കേരള ഹൈക്കോടതി 2010 ല്‍ പുറപ്പെടുവിച്ച മൂസാ വള്ളിക്കാടൻ v/s സ്റ്റേറ്റ് ഓഫ് കേരള ഉള്‍പ്പെടെ വിധിന്യായങ്ങള്‍ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബാബു ഉത്തരവ് പുറപ്പെടുവിച്ചത്. സി ആർ പി സി 197 (3) വകുപ്പിൻ്റെ ചുവടുപിടിച്ച്‌ 1997 ഡിസംബർ ആറിന് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച 611 35/എ2/77/ നോട്ടിഫിക്കേഷനിലെ വ്യവസ്ഥകളും കോടതി വിശദമായി പരിശോധിച്ചു.അന്വേഷണത്തിൻ്റെ ഭാഗമായി ഒരാളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തുമ്ബോഴും കസ്റ്റഡിയിലെടുക്കുമ്ബോഴും നടത്തുന്ന ശാരീരിക പീഡനം പോലീസ് ഉദ്യോഗസ്ഥൻ്റെ ഔദ്യോഗിക കൃത്യനിർവഹണത്തിൻ്റെ പരിധിയില്‍പ്പെടില്ലെന്ന് കോടതി വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥൻ 'പബ്ളിക്ക് ഓഡർ ' നിലനിർത്താൻ വേണ്ടിയെടുക്കുന്ന നടപടികളും 'ലോ ആൻഡ് ഓഡർ ' നിലനിർത്താൻ ചെയ്യുന്ന നടപടികളും തമ്മില്‍ വ്യത്യാസമുണ്ടെന്നും 197 വകുപ്പിൻ്റെ പരിരക്ഷ ഇതിനനുസൃതമായി വ്യത്യസ്തപ്പെടുമെന്നും വ്യക്തമാക്കിയ ഹൈക്കോടതി അലവിക്കെതിരായ ജൂഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ശരിവെയ്ക്കുകയും റിവിഷൻ ഹർജി തള്ളുകയും ചെയ്തു.ഇതോടെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പദവിയിലിരിക്കുന്ന അലവി വിചാരണ നേരിടേണ്ടി വരും. സമാനമായ മറ്റൊരു കേസില്‍ കൊല്ലം ജില്ലയിലെ എഴുകോണ്‍ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി മർദ്ദനം നടത്തിയ പോലീസ് ഉദ്യോഗസ്ഥൻ രാജഗോപാലനെ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു.

- Advertisement - ads