2025 April 18
Friday
- Advertisement - ads
പി.വി അൻവര്‍ എംഎൽഎ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്, അഭിഷേക് ബാനര്‍ജി അംഗത്വം നല്‍കി

പി.വി അൻവര്‍ എംഎൽഎ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്, അഭിഷേക് ബാനര്‍ജി അംഗത്വം നല്‍കി

  • സ്വന്തം ലേഖകൻ
  • 10-01-2025

കോല്‍ക്കത്ത: നിലമ്ബൂർ എം.എല്‍.എ പി.വി അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നു. അൻവറിന് അംഗത്വം നൽകിയത് പാർട്ടി നേതാവ് അഭിഷേക് ബാനർജിയാണ്.

 

അൻവറിന് അംഗത്വം നൽകിയ വിവരം ഔദ്യോഗിക എക്സ് പേജിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി അൻവറുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി.

 

ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ പി.വി അൻവർ ആദ്യം ഡി.എം.കെയിലേക്ക് ചേക്കേറാനാണ് ശ്രമിച്ചത്. എന്നാൽ ഡി.എം.കെ പ്രവേശത്തിന് പച്ചക്കൊടി കാട്ടാതിരുന്നതോടെ അതേപേരില്‍ തന്നെ സംഘടന രുപീകരിച്ച്‌ അൻവർ പ്രവർത്തനം തുടങ്ങി. പിന്നീട് യു.ഡി.എഫിലേക്ക് ചേക്കേറാനായിരുന്നു അൻവറിന്റെ ശ്രമം. ഇതിനായി മുസ്‍ലിം ലീഗ് നേതൃത്വവുമായി ഉള്‍പ്പടെ അൻവർ ചർച്ചകള്‍ നടത്തി. ഇതിനിടെ ഡി.എഫ്.ഒ ഓഫീസ് മാർച്ചിനിടെയുണ്ടായ സംഘർഷത്തില്‍ പി.വി അൻവറിനെ അറസ്റ്റ് ചെയ്തു.ഇതോടെ നിലമ്ബൂർ എം.എല്‍.എക്ക് പ്രതിപക്ഷത്ത് നിന്ന് കൂടുതല്‍ പിന്തുണ ലഭിച്ചു. അൻവറിന്റെ യു.ഡി.എഫ് പ്രവേശനം ഉടൻ ഉണ്ടാവുമെന്ന പ്രവചനങ്ങള്‍ക്കിടയിലാണ് അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നത്.

 

2011ല്‍ അൻവറിന്റെ സ്റ്റാർ വാല്യു തിരിച്ചറിഞ്ഞ സി.പി.എം ആദ്യമായി അദ്ദേഹത്തിന് സീറ്റ് നല്‍കുകയായിരുന്നു. 2011-ല്‍ തോറ്റെങ്കിലും തോല്‍വിയുടെ വീര്യത്തില്‍ സമ്മാനമായി കിട്ടിയ നിലമ്ബൂര്‍ സീറ്റ് അട്ടിമറി നടത്തി 2016-ല്‍ അന്‍വര്‍ ഇടത് ചേർന്നതോടെ ശരിക്കും താരമായി. 2021-ല്‍ വിജമാവര്‍ത്തിക്കുകയും ചെയ്തതോടെ നിലമ്ബൂര്‍ അന്‍വറിന്റെ കുത്തകയായി. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ വലിയ വിമർശനം ഉന്നയിച്ചതോടെ സി.പി.എം സൈബർ സംഘങ്ങളുടെ നേതാവായി അൻവർ മാറി. പിന്നീട് എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് സി.പി.എമ്മും അൻവറും തമ്മില്‍ തെറ്റുന്നത്. അജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നടപടിയുണ്ടാവുന്നില്ലെന്ന് പറഞ്ഞായിരുന്നു അൻവർ സിപിഎം മുന്നണി വിട്ടത്.

- Advertisement - ads