കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. ഡീലേഴ്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട് എച്ച്‌പിസിഎല്‍ ഓഫീസില്‍ ചർച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവർമാർ മർദ്ദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഇന്ന് വൈകിട്ട് നാല് മുതല്‍ ആറ് വരെ കോഴിക്കോട് ജില്ലയിലെ പമ്ബുകള്‍ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു
കോഴിക്കോട് എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റില്‍ നിന്ന് ഇന്ധനം എത്തിച്ച് നല്‍കുന്ന ലോറി ഡ്രൈവറുമായി അസോസിയേഷന് ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇന്ധനം എത്തിച്ച് നല്‍കുന്ന ലോറി ഡ്രൈവർമാർക്ക് ഒരു തുക ചായക്കാശായി കൊടുക്കാറുണ്ട്. 300 രൂപയായിരുന്നു അത്. ഈ തുക ഉയർത്തണമെന്ന ആവശ്യം ഡ്രൈവർമാർ ഉന്നയിച്ചിരുന്നു. അസോസിയേഷൻ ഇത് പറ്റില്ലെന്ന നിലപാടായിരുന്നു.
തർക്കം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം കളക്ടറുടെ സാന്നിദ്ധ്യത്തില്‍ ചർച്ച നടന്നിരുന്നു. ഈ തുക തന്നെ നല്‍കേണ്ട ആവശ്യമില്ലെന്ന നിലപാടിലായിരുന്നു ഡീലർമാർ. ഇതിന് ശേഷം ഇന്ന് എലത്തൂർ എച്ച്‌പിസിഎല്‍ അധികൃതർ ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഈ ചർച്ചയ്ക്കിടെയാണ് കയ്യേറ്റമുണ്ടായത്. ഇതോടെയാണ് ഇന്നത്തെ വൈകിട്ട് മിന്നല്‍ പണിമുടക്ക് ഉണ്ടായത്