2025 April 18
Friday
- Advertisement - ads
ലൈംഗിക പീഡന കേസുകളില്‍ സ്ത്രീകളുടെ പരാതി കണ്ണടച്ച് വിശ്വസിക്കരുതെന്ന് ഹൈക്കോടതി. പോലീസ് സാമാന്യ ബുദ്ധി പ്രയോഗിക്കണം, നിരപരാധികൾക്കെതിരെ വ്യാജ പരാതി നൽകുന്നത് കോടതി നിരീക്ഷിച്ചു. സത്യസന്ധമായി കേസുകൾ കൈകാര്യം ചെയ്താൽ പോലീസിന് പൂർണ നിയമ സംരക്ഷണമെന്നും കോടതി

ലൈംഗിക പീഡന കേസുകളില്‍ സ്ത്രീകളുടെ പരാതി കണ്ണടച്ച് വിശ്വസിക്കരുതെന്ന് ഹൈക്കോടതി. പോലീസ് സാമാന്യ ബുദ്ധി പ്രയോഗിക്കണം, നിരപരാധികൾക്കെതിരെ വ്യാജ പരാതി നൽകുന്നത് കോടതി നിരീക്ഷിച്ചു. സത്യസന്ധമായി കേസുകൾ കൈകാര്യം ചെയ്താൽ പോലീസിന് പൂർണ നിയമ സംരക്ഷണമെന്നും കോടതി

  • സ്വന്തം ലേഖകൻ
  • 01-03-2025

ലൈംഗിക പീഡന കേസുകളില്‍ സ്ത്രീകൾ നൽകുന്ന പരാതി കണ്ണടച്ചു വിശ്വസിക്കരുതെന്നും പ്രതിയുടെ ഭാഗം കൂടി കേള്‍ക്കണമെന്നും ഹൈക്കോടതി.

 

പരാതി വ്യാജമെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ച ആള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഹൈക്കോടതി നിര്‍ദേശം. നിരപരാധികള്‍ക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്ന പ്രവണത നിലവിലുണ്ടെന്നും കോടതി നിരീക്ഷിച്ചു.

 

ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് മുന്‍കൂര്‍ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണന്റെ സുപ്രധാന ഉത്തരവ്. മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ മാനേജരാണ് ഹര്‍ജിക്കാരന്‍. ജോലിയില്‍ വീഴ്ച വരുത്തിയതിന് ജീവനക്കാരിയെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പേരില്‍ അവര്‍ ഭീഷണിപ്പെടുത്തിയെന്ന് ജനുവരി 14 ന് ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണമുണ്ടായില്ലെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു. എന്നാല്‍ ഹര്‍ജിക്കാരന്‍ ലൈംഗിക ഉദ്ദേശ്യത്തോടെ തന്റെ കൈയില്‍ കയറി പിടിച്ചെന്നു കാട്ടി ഫെബ്രുവരി ഏഴിന് യുവതി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണവും തുടങ്ങി. തുടര്‍ന്നാണു ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

 

യുവതി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച്‌ ഓഡിയോ ക്ലിപ്പും ഹര്‍ജിക്കാരന്‍ ഹാജരാക്കി. കാര്യം ബോധ്യപ്പെട്ട കോടതി തൊഴിലുടമയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിനിടെയാണ് സുപ്രധാനമായ പരാമര്‍ശം നടത്തിയത്. ലൈംഗിക പീഡന പരാതികള്‍ സത്യസന്ധമായി കൈകര്യം ചെയ്താല്‍ തൊഴില്‍പരമായ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഭയപ്പെടേണ്ട. പൂര്‍ണമായ നിയമ സംരക്ഷണം ഉറപ്പുവരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

 

നിരപരാധികളായ ആളുകള്‍ക്കെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രവണത ഇന്ന് നിലനില്‍ക്കുന്നുവെന്നും പണം നല്‍കിയതു കൊണ്ട് നഷ്ടപ്പെട്ട മാനം വീണ്ടെടുക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി കോടതി വ്യക്തമാക്കി. 'പാവപ്പെട്ട ആള്‍ക്കാരുടെ ജില്ലാ കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും പൊലീസ് സ്റ്റേഷന്‍ ആണ്' എന്ന സിനിമാ സംഭാഷണവും കോടതി ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ചില സാഹചര്യങ്ങളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് പോലീസ് ഉദ്യോഗസ്ഥര്‍ സാമാന്യബുദ്ധി കൂടി പ്രയോഗിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. ചില കേസുകള്‍ പോലീസ് സ്റ്റേഷനില്‍ തന്നെ അവസാനിപ്പിക്കണം. സാധാരണക്കാര്‍ക്ക് ഏത് സമയം വേണമെങ്കിലും കയറി വരാനും തങ്ങളുടെ പരാതികള്‍ ബോധിപ്പിക്കാനും കഴിയുന്ന ഇടമാണ് പോലീസ് സ്റ്റേഷന്‍.

 

കേരളത്തില്‍ ചില പോലീസ് സ്റ്റേഷനുകള്‍ ജനമൈത്രി പോലീസ് സ്റ്റേഷനുകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ ഇന്ന് ജന സൗഹൃദമാണ്. കുട്ടികള്‍ക്ക് പോലും വിനോദത്തിനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ചില കേസുകള്‍ക്ക് പോലീസ് സ്റ്റേഷനുകളില്‍ തന്നെ തീര്‍പ്പ് കല്‍പ്പിക്കാവുന്നതാണ്. അതുകൊണ്ടാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് സാമാന്യ ബുദ്ധി പ്രയോഗിക്കണമെന്ന് പറയുന്നതെന്നും കോടതി വ്യക്തമാക്കി.

- Advertisement - ads