പോത്തൻകോട്: വലിയതുറ പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ ഉറുബിന്റെ മകൻ മഞ്ഞമല മേഘമല്‍ഹാറില്‍ ഫെർണാസിനെ (20) വഴിയില്‍ തടഞ്ഞുനിറുത്തി അതിക്രൂരമായി മർദ്ദിച്ചതായി പരാതി.അഞ്ചുപേർക്കെതിരെ കേസ്
സംഭവത്തില്‍ കഠിനംകുളം പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ മഞ്ഞമല സോപാനത്തില്‍ എസ്.ആർ.സുജിത്ത് (28) ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കെതിരെയാണ് പോത്തൻകോട് പൊലീസ് കേസെടുത്തത്. സുജിത്തിന്റെ സുഹൃത്തുക്കളായ പുളിമൂട് പ്രജിതാ ഭവനില്‍ പി.പ്രണവ് (26),മഞ്ഞമല പുതുവല്‍ പുത്തൻവീട്ടില്‍ എ.പി.ധീരജ് (22),പ്രജുഷ് (26),അമല ഭവനില്‍ അമല്‍ പി.മോഹൻ ( 22)എന്നിവർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് രാത്രി 10.30ന് മഞ്ഞമല തച്ചപ്പള്ളി എല്‍.പി സ്കൂളിന് സമീപത്തായിരുന്നു സംഭവം. പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സുജിത്തിന്റെ ബൈക്ക് ഓവർടേക്ക് ചെയ്തെന്നാരോപിച്ച് ഫെർണാസ് സഞ്ചരിച്ച ബൈക്കില്‍ തന്റെ ബെെക്ക് കൊണ്ട് ഇടിച്ചു.
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം തെറ്റി നിലത്തുവീണ ഫെർണാസിനെ സുജിത്തിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം നിലത്തിട്ട് ചവിട്ടുകയും ഹെല്‍മെറ്റ് കൊണ്ട് മുഖത്ത് മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തില്‍ ഫെർണാസിന്റെ മുൻവശത്തെ പല്ല് ഇളകി തെറിച്ചു. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റു. സംഭവശേഷം പ്രതികള്‍ രക്ഷപ്പെട്ടു. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ഫർണസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മുൻ കേന്ദ്ര മന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗണ്‍മാനായിരുന്ന ഉറൂബ് പോത്തൻകോട്ടെ വിവിധ സ്കൂളുകളില്‍ മാതൃകാ പി.ടി.എ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. അടുത്ത കാലത്താണ് വലിയതുറ സ്റ്റേഷനില്‍ എസ്.ഐയായത്.