യു.ഡി എഫ് കൗൺസിലിൻ്റെ കഴിഞ്ഞ നാലര വർഷത്തെ ജനക്ഷേമ പ്രവർത്തനങ്ങളിൽ വിറളി പൂണ്ട തിരൂരിലെ സി.പി.എം നടത്തുന്ന സമരനാടകം ജനങ്ങൾ തിരിച്ചറിയുമെന്ന് മുനിസിപ്പൽ യു ഡി എഫ് വ്യക്തമാക്കി . ഭരിക്കാൻ ലഭിച്ച അഞ്ച് വർഷം നാടിന് വേണ്ടി ഒന്നും ചെയ്യാതെ, നേതാക്കൾ പരസ്പരം അധികാര കൈമാറ്റത്തിൻ്റെ കസേര കളി നടത്തിയതിൻ്റെ പേരിൽ ജനം തള്ളിക്കളഞ്ഞവരാണിവർ . തങ്ങൾക്ക് ചെയ്യാൻ സാധിക്കാത്ത നിരവധി പദ്ധതികൾ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും യുഡിഎഫ് കൗൺസിൽ ആർജ്ജവത്തോടെ നടപ്പിലാക്കി. റോഡ് വികസന രംഗത്ത് അപ്രാപ്യമെന്ന് തോന്നിയിരുന്ന പദ്ദതികൾ നടപ്പിലാക്കിയതടക്കം ഒട്ടേറെ കാര്യങ്ങൾ ഈ കൗൺസിൽ ജനപക്ഷത്ത് നിന്ന് ചെയ്തിട്ടുണ്ട് . ഈ സാഹചര്യത്തിൽ അടുത്ത തെരെഞ്ഞടുപ്പിൽ ഒറ്റക്ക സംഖ്യയിലേക്ക് കൂപ്പു കുത്തുമെന്ന ഭയമാണ് സിപി എമ്മിനെ ഇത്തരം സമര നാടകത്തിലേക്ക് എത്തിച്ചത്. സ്ട്രീറ്റ് ലൈറ്റിൻ്റെ കാര്യത്തിൽ ഇടത് അനുകൂല ഉദ്യോഗസ്ഥരെ വെച്ച് കോടതി വ്യവഹാരത്തിലേക്ക് കൊണ്ട് പോയി കാലതാമസം വരുത്തിയത് ആരാണെന്ന് നഗരവാസികൾക്ക് അറിയാം . അതിനെയും മറികടന്ന് ഇപ്പോൾ നഗരം പ്രകാശ പൂരിതമായിട്ടുണ്ട്. നഗര വികസനത്തിന് ഗ്രാൻ്റായി ന്യായമായും സർക്കാറിൽ നിന്ന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ വെട്ടി കുറച്ച് നാടിൻ്റെ പുരോഗതി തടസ്സപ്പെടുത്തുന്ന ഇടത് സർക്കാറിനെതിരെയുള്ള ജനരോഷം ഇത്തരം സമരാഭാസം നടത്തിയാലൊന്നും അവസാനിക്കില്ല . യു ഡി എഫ് കൗൺസിൽ നടത്തിയ വികസന പ്രവർത്തനങ്ങളും ഇടതു സർക്കാർ കാണിക്കുന്ന വികസന വിരുദ്ധതയും തുറന്നു കാട്ടി കൊണ്ടുള്ള പ്രചാരണ പരിപാടികൾക്ക് മുനിസിപ്പൽ യു ഡി എഫ് രൂപം നൽകുമെന്ന് ചെയർമാൻ യാസർ പയ്യോളിയും കൺവീനർ പി.വി സമദും പ്രസ്താവനയിൽ പറഞ്ഞു.

ഇടതൻമാരുടെ സമരനാടകം ജനം തിരിച്ചറിയും.യു ഡി എഫ്
- സ്വന്തം ലേഖകൻ
- 15-07-2025