സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിൽക്കുന്നമത്സ്യത്തൊഴിലാളികളും മറ്റു ജന വിഭാഗങ്ങളും കൂടുതലായി താമസിക്കുന്ന തീരപ്രദേശങ്ങൾ ഉൾപ്പെടുന്ന തിരൂർ,തിരൂരങ്ങാടി,പൊന്നാനി താലൂക്കുകളെ ഉൾപ്പെടുത്തി തിരൂർ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണം എന്ന്
തിരൂർ എം .എൽ .എ കുറുക്കോളി മൊയ്തീൻ റവന്യൂ മന്ത്രി കെ. രാജൻ തിരുവനന്തപുരം ഐ. എൽ. ഡി .എം ൽ വിളിച്ചുചേർത്ത റവന്യൂ അസംബ്ലിയിൽ ആവശ്യപ്പെട്ടു.ജനസംഖ്യയിൽ വളരെ മുന്നിൽ നിൽക്കുന്ന മലപ്പുറം ജില്ലയിലെ ജനങ്ങൾക്ക് വകുപ്പിന്റെയും മറ്റ് സർക്കാർ വകുപ്പുകളുടെയും സേവനങ്ങൾ മറ്റ് ജില്ലയിൽ ലഭിക്കുന്നതുപോലെ പര്യാപ്തമായി കിട്ടുന്നില്ല.ഇതിന് പരിഹാരം മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കലാണ് എന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു.തിരൂർ നിയോജകമണ്ഡലത്തിലെ തീരദേശ മേഖലയായ വെട്ടം പഞ്ചായത്തിൽ
കടലിറങ്ങിയത് മൂലം പുറമ്പോക്കായി കിടക്കുന്ന സ്ഥലത്ത് ഭിന്നശേഷി പാർക്ക് ആരംഭിക്കുന്നതിന് ബഡ്ജറ്റിൽ തുക അനുവദിച്ചിരുന്നു. നമ്പറില്ലാത്ത ഭൂമിയാണ് എന്ന കാരണം പറഞ്ഞു ഭിന്നശേഷി പാർക്ക് പദ്ധതിക്ക് അംഗീകാരം നൽകിയിട്ടില്ല.അനവധി വർഷങ്ങളായി പുറമ്പോക്കായി കിടക്കുന്ന ഈ ഭൂമിയിൽ ഭിന്നശേഷി വിഭാഗക്കാർക്ക് വളരെയധികം സഹായകമാകുന്ന പാർക്ക് ആരംഭിക്കുന്നതിനുള്ള തടസ്സം നീക്കണമെന്നും എം.എൽ.എ റവന്യൂ അസംബ്ലിയിൽ ആവശ്യപ്പെട്ടു.
സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തി വളവന്നൂർ വില്ലേജ് ഓഫീസിനത് പുതിയ കെട്ടിടത്തിന് ഭരണാനുമതി ലഭ്യമാക്കിയിട്ട് രണ്ടുവർഷത്തിലധികമായിട്ടും അതിനുവേണ്ടിയുള്ള ഫണ്ട് പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗത്തിന് നൽകി പണി ആരംഭിക്കാത്തതിൽ എം.എൽ.എ പ്രതിഷേധം അറിയിച്ചു.കൽപകഞ്ചേരി വില്ലേജ് ഓഫീസും സമാനമായ പ്രശ്നം നേരിടുന്നുണ്ട്.എത്രയും വേഗം ഫണ്ട് ലഭ്യമാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആതവനാട്,അനന്താവൂർ,കുറുമ്പത്തൂർ,തിരുനാവായ, തലക്കാട് എന്നീ വില്ലേജുകൾ സ്മാർട്ട് വില്ലേജുകൾ ആക്കുന്നതിനുള്ള അടിയന്തര നടപടി ഉണ്ടാകണം,
സ്ഥല സൗകര്യമില്ലാത്തതും ജീർണ്ണിച്ചതും ചോർന്നൊലിക്കുന്നതുമായ
തിരൂർ മിനി സിവിൽ സ്റ്റേഷനിൽ
പൊതുജനങ്ങളുടെ പ്രയാസമകറ്റുന്നതിന്
അഡീഷണൽ ബ്ലോക്ക് നിർമ്മിക്കുക,വളവന്നൂർ,തിരുന്നാവായ വില്ലേജ് ഓഫീസുകളോട് ചേർന്നു കിടക്കുന്ന റവന്യൂ വകുപ്പിന്റെ സ്ഥലത്ത് റവന്യൂ ടവർ നിർമ്മിക്കുക,
തിരൂർ താലൂക്കിൽ പട്ടയത്തിന് അപേക്ഷിച്ച അർഹതയുള്ളവർക്കെല്ലാം അത് ലഭ്യമാക്കുക,
ഏറ്റവും കൂടുതൽ അപേക്ഷകൾ കെട്ടിക്കിടക്കുന്ന തിരൂർ നിയോജക മണ്ഡലത്തിലെ ഭൂമി തരം മാറ്റുന്നതിന് നൽകിയ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് നടപടി സ്വീകരിക്കുക,തിരുനാവായ കൊടക്കൽ ടൈൽ ഫാക്ടറിയുമായി ബന്ധപ്പെട്ട സ്ഥലം പട്ടയം അനുവദിച്ച് കിട്ടിയ കുടുംബങ്ങൾ പ്രസ്തുത സ്ഥലം പണം കൊടുത്ത് വാങ്ങിയതാണ് എന്ന വസ്തുത പരിഗണിച്ചുകൊണ്ട് ക്രയവിക്രയത്തിന് അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങളും കുറുക്കളി മൊയ്തീൻ എം.എൽ.എ റവന്യൂ അസംബ്ലിയിൽ ഉന്നയിച്ചു.എംഎൽഎ ഉന്നയിച്ച വിഷയങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് അനുകൂല നടപടി ലഭ്യമാക്കാം എന്ന് റവന്യൂ മന്ത്രി ഉറപ്പുനൽകി.