*റെയിൽവേ സ്റ്റേഷൻ റോഡിനും കടുങ്ങാത്തുകുണ്ട് ബസ് ബേയ്ക്കും റവന്യൂ ഭൂമി വിട്ടു നൽകുമെന്ന് മന്ത്രി കെ രാജൻ*
തിരൂർ റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്ത് കൂടി കടന്നുപോകുന്ന റോഡിന് വീതി വർദ്ധിപ്പിക്കുന്നതിനും കടുങ്ങാത്തുകുണ്ടിൽ ബസ് ബേ യും ഷെൽട്ടറും നിർമ്മിക്കുന്നതിനും റവന്യൂ വകുപ്പിന്റെ അധീനതയിൽ ഉള്ള ഭൂമി വിട്ടു നൽകണമെന്ന കുറുക്കോളി മൊയ്തീൻ എം.എൽ.എ യുടെ ആവശ്യം റവന്യൂ മന്ത്രി കെ. രാജൻ അംഗീകരിച്ചു.പൊതുമരാമത്ത് വകുപ്പ് ആവശ്യമായ ഭൂമിയുടെ അളവ് നിശ്ചയിച്ച് റവന്യൂ വകുപ്പിനോട് ആവശ്യപ്പെടുന്ന മുറക്കായിരിക്കും
ഭൂമി ലഭ്യമാക്കുക.
തിരൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിലൂടെ കടന്നുപോകുന്ന റോഡ് വീതി കൂട്ടേണ്ടത് അനിവാര്യമാണ്.സ്വകാര്യ വ്യക്തികൾ സൗജന്യമായി സ്ഥലം നൽകാമെന്ന് സമ്മതിക്കുകയും അടയാളപ്പെടുത്തുകയും ചെയ്തു കഴിഞ്ഞതാണ് . ഒരുഭാഗത്ത് കോടതി,ജയിൽ,പോലീസ് സ്റ്റേഷൻ,വില്ലേജ് ഓഫീസ് എന്നിവ പ്രവർത്തിക്കുന്ന
റവന്യൂ വകുപ്പിൻ്റെ കൈവശമുള്ള ഭൂമിയും
മറുവശത്ത് റെയിൽവേയുടെ ഭൂമിയുമാണ്.റെയിൽവേയുടെ ഭൂമി കുറവായതിനാൽ കിട്ടാൻ സാധ്യതയില്ല.അതുകൊണ്ട് സ്വകാര്യ വ്യക്തികൾ സൗജന്യമായി തരുന്നതിന് അനുസൃതമായ ഭൂമി റവന്യൂ വകുപ്പിന്റെ ഭൂമിയിൽനിന്ന് ലഭ്യമാക്കണം എന്ന് എം.എൽ.എ ആവശ്യപ്പെട്ടു .
തിരൂർ നിയോജക മണ്ഡലത്തിലെ കടുങ്ങാത്തുകുണ്ട് പ്രദേശം അഞ്ചു കോളേജുകൾ,രണ്ട് ഐ.ടി.ഐ കൾ ,അര ഡസനിലേറെ സ്കൂളുകൾ, ആശുപത്രികൾ,രജിസ്ട്രാർ ഓഫീസ്,പോലീസ് സ്റ്റേഷൻ,മറ്റ് കേരള കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ എന്നിവ കൊണ്ട് നിബിഡമായ പ്രദേശമാണ് .ഈ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് പേരാണ് കടുങ്ങാത്തുകുണ്ട് ജംഗ്ഷനിൽ നിത്യേന വന്നുപോകുന്നത്.അതുകൊണ്ടുതന്നെ ഇവിടെ ഒരു ബസ് ബേയും കാത്തിരിപ്പ് കേന്ദ്രവും നിർമ്മിക്കൽ അനിവാര്യമാണ്.അതിനുവേണ്ടി വളവന്നൂർ വില്ലേജ് ഓഫീസിന്റെ മുന്നിലുള്ള വിശാലമായ സ്ഥലത്ത് നിന്നും ആവശ്യമായ സ്ഥലം വിട്ട് നൽകണമെന്നും കുറുക്കോളി മൊയ്തീൻ എം.എൽ.എ മന്ത്രിയോട് പറഞ്ഞു.ഭൂമി ലഭ്യമാകുകയാണെങ്കിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ബസ് ബേയും ഷെൽട്ടറും നിർമിക്കുമെന്ന് എം.എൽ.എ അറിയിച്ചു.