നിങ്ങളുടെ പേരില്‍ എത്ര സിം കാർഡ് ഉണ്ടെന്നറിയാമോ? നിലവില്‍ ഉപയോഗിക്കുന്നതല്ല. പണ്ട് എടുത്തതും കൂട്ടുകാർക്കും കുടുംബക്കാർക്കും എടുത്തുകൊടുത്തതുംഎല്ലാമടക്കം ആകെയെത്ര സിം കാർഡുകളുണ്ടെന്നതിന് കണക്കുണ്ടോ?
എങ്കില്‍ എത്രയും വേഗം ആ കണക്കെടുത്ത് വെക്കൂ. കാരണം നിശ്ചിത എണ്ണം സിം കാർഡുകള്‍ക്ക് മുകളിലാണെങ്കില്‍ പിഴയടയ്ക്കേണ്ടത് രണ്ട് ലക്ഷം രൂപയാണ്.
ഒരാള്‍ക്ക് എത്ര സിം കാർഡ്?
ഒരാളുടെ പേരില്‍ പരമാവധി 9 സിം കാർഡുകളേ പാടുള്ളൂ. ജമ്മു കശ്മീർ, അസം, നോർത്തീസ്റ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരെങ്കില്‍ മൂന്നെണ്ണം കുറയും. ഇവർക്ക് ആറ് സിം കാർഡുകള്‍ വരെയാണ് അനുവദനീയമായിട്ടുള്ളത്. നിങ്ങളുടെ പേരില്‍ രജിസ്റ്റർ ചെയ്ത സിം കാർഡുകളുടെ എണ്ണം ഇതില്‍ കൂടുതലാണെങ്കില്‍ രണ്ട് ലക്ഷം രൂപ വരെയാണ് പിഴ. 2023ലെ ടെലികമ്മ്യൂണിക്കേഷൻസ് ആക്‌ട് അനുസരിച്ചുള്ള നിബന്ധനയാണിത്.
സിം കാർഡുകള്‍ എത്രയുണ്ടെന്ന് എങ്ങനെ അറിയും?
നിങ്ങളുടെ പേരില്‍ എത്ര സിം കാർഡുകള്‍ ഉണ്ടെന്ന് അറിയാനായി കേന്ദ്രസർക്കാർ ഒരു വെബ്സൈറ്റ് അവതരിപ്പിച്ചിട്ടുണ്ട്, സഞ്ചാർ സാഥി. ഈ വെബ്സൈറ്റ് സന്ദർശിച്ചാല്‍ നിങ്ങളുടെ പേരില്‍ എത്ര സിം കാർഡുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നറിയാം. വെബ്സൈറ്റിലെ 'നോ മൊബൈല്‍ കണക്ഷൻസ് ഇൻ യുവർ നേം' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ഒരു പേജ് തുറന്നുവരും. അവിടെ നിങ്ങളുടെ ഒരു മൊബൈല്‍ നമ്ബരും കാപ്ചയും അടിച്ചാല്‍ ആ നമ്ബരിലേക്ക് ഒരു ഒടിപി വരും. കാപ്ച ബോക്സിന് താഴെയുള്ള ഒടിപി ബോക്സില്‍ ഈ ഒടിപി അടിച്ചാല്‍ ആകെ എത്ര കണക്ഷനുകളാണ് നിങ്ങളുടെ പേരില്‍ ഉള്ളതെന്ന വിവരവും ആ സിം കാർഡുകളുടെ നമ്ബരും അറിയാൻ കഴിയും.
ശിക്ഷ
നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ സിം കാർഡുകളുണ്ടെങ്കില്‍ ആദ്യ നിയമലംഘനത്തിന് 50,000 രൂപയാണ് പിഴ. നിയമലംഘനം ആവർത്തിച്ചാല്‍ പിഴ രണ്ട് ലക്ഷം രൂപ വരെയാവാം. മറ്റൊരാളുടെ പേരില്‍ സിം കാർഡ് എടുത്തതാണെങ്കില്‍ അയാള്‍ക്ക് മൂന്ന് വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.


